കണ്ണൂർ: പോസ്റ്റൽ ആക്ട് ഭേദഗതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ 23 തപാൽ ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുനഃക്രമീകരണ നയത്തിന്റെ ഭാഗമായാണ് വരുമാനം കുറഞ്ഞ പോസ്റ്റോഫീസുകൾ അടച്ചു പൂട്ടുന്നത്. കണ്ണൂർ, പയ്യന്നൂർ പോസ്റ്റൽ ഡിവിഷനു കീഴിലുള്ള 23 തപാൽ ഓഫീസുകളാണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ജില്ലയിൽ 434 പോസ്റ്റോഫീസുകളാണ് ഉള്ളത്. ഒരുവർഷത്തെ ചെലവിന്റെ 20 ശതമാനം പോലും വരവില്ലാത്ത പോസ്റ്റോഫീസുകളാണ് അടച്ചുപൂട്ടുക. നഷ്ടം കാരണം മൂന്ന് മാസം മുമ്പ് ചിറക്കൽ പോസ്റ്റോഫിസ് പൂട്ടിയിരുന്നു. തുടർന്ന് പൂട്ടാനൊരുങ്ങുന്ന 23 പോസ്റ്റോഫീസുകളിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവയാണ്.
പോസ്റ്റോഫീസുകൾ അടച്ചുപൂട്ടിയാൽ രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ്, പാഴ്സൽ തുടങ്ങിയ തപാൽ ഉരുപ്പടികൾ കുറഞ്ഞ ചെലവിൽ ബുക്ക് ചെയ്യാനുള്ള ഉപഭോക്താക്കളുടെ സൗകര്യം ഇല്ലാതാകും. പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങിയ ഉപഭോക്താവിന് വീടിനു സമീപം ലഭ്യമായിരുന്ന സേവനത്തിന് വിദൂര പോസ്റ്റോഫീസുകളെ ആശ്രയിക്കേണ്ടിവരും.കേന്ദ്ര സർക്കാർ നയം ഇങ്ങനെതപാൽ ഓഫിസുകൾ ഇല്ലാത്തിടത്ത് തുടങ്ങുകയും കൂടുതൽ പേർക്ക് സേവനം ലഭ്യമാക്കുകയുമാണ് പോസ്റ്റൽ ആക്ട് ഭേദഗതി നയത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. നഗരങ്ങളിൽ രണ്ടുകിലോമീറ്റർ ദൂരപരിധിക്കകത്തും ഗ്രാമത്തിൽ അഞ്ചുകിലോമീറ്റർ ദൂരപരിധിക്കുള്ളിലും ഒന്നിൽക്കൂടുതൽ ഓഫീസുകൾ ഉണ്ടെങ്കിൽ ഇവ ഇല്ലാത്തിടങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനം.
Postoffice






































