#PK Sreemathi #Fake News #Pension
തിരുവനന്തപുരം: അനർഹമായി പെൻഷൻ കൈപ്പറ്റിയെന്ന പേരിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെട്ടു. കർശന നടപടി സ്വീകരിക്കാൻ അഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ശ്രീമതി ടീച്ചർ നൽകിയ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറിയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
വ്യാജ വാർത്ത പടച്ചവർക്ക് മാപ്പില്ലെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു. ഇന്ന് തന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അവർ അറിയിച്ചു. "വാർത്ത നൽകിയ പലരും വിളിച്ച് സാഷ്ടാംഗം കാലിൽ വീണ് മാപ്പ് ചോദിക്കുന്നുണ്ട്. എന്നാൽ ഇനി പിന്നോട്ടില്ല" എന്നും ശ്രീമതി പറഞ്ഞു.
അതേസമയം തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പി.കെ. ശ്രീമതി ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായി.
"ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ അധിക്ഷേപകരവും അടിസ്ഥാനരഹിതവുമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയൽ ചെയ്യും" എന്നും അവർ വ്യക്തമാക്കി.
വ്യാജ പ്രചാരണത്തിൽ പ്രതികരണവുമായി മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ മകൻ അജിത് രംഗത്തെത്തി. മുൻ എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ കൈപ്പറ്റുന്നത് തന്റെ അമ്മയാണെന്നും അമ്മയുടെ പേരും പി.കെ. ശ്രീമതി എന്നാണെന്നും അജിത് വിശദീകരിച്ചു. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് സൂചന.
Content Highlight: CM Intervenes in Fake News Against PK Sreemathi, Orders Strict Action





































