ഇടുക്കി : സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ ധനസഹായം നല്‍കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരള ടൂറിസം വകുപ്പ് കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംഘടിപ്പിച്ച ‘ലോകം കൊതിക്കും കേരളം’ വിഷന്‍ 2031 സംസ്ഥാനതല ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിഷന്‍ 2031 നയരേഖ അവതരിപ്പിച്ചു.
നിര്‍മ്മിത ബുദ്ധി നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റത്തെ അനുകൂലമായി മാറ്റാന്‍ കേരളത്തിലെ ടൂറിസം മേഖല സ്വയം സജ്ജമാകണമെന്ന് ധനമന്ത്രി പറഞ്ഞു. സമൂഹത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിര്‍മ്മിതബുദ്ധി നമ്മുടെ നിത്യജീവിതത്തെയും തൊഴിലിനെയും വലിയ തോതില്‍ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുകയാണ്. ഈ ഘട്ടത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം ഇല്ലാത്ത കല, പാചകം തുടങ്ങിയ സോഫ്റ്റ് സ്കില്ലുകള്‍ക്ക് വലിയ സാധ്യത കൈവരികയാണ്. ഇത് സ്വായത്തമാക്കി സ്വയം സജ്ജമാകാന്‍ ഏറ്റവും പറ്റിയ മേഖല ടൂറിസമാണെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ഫണ്ട് അനുവദിച്ചത് ടൂറിസം വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ധനശേഷിയുള്ള ആഭ്യന്തര വിനോദസഞ്ചാരികളെ കൂടുതലായി ഉപയോഗപ്പെടുത്തണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ ഒഴിഞ്ഞ കിടക്കുകയാണ്. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി അനുവദിക്കുകയാണെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കാന്‍ വരാന്‍ സാധിക്കും. ഇത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യടൂറിസത്തിന്റെ ഹബ്ബായി മാറാന്‍ കേരളത്തിന് ഇതിനായുള്ള നടപടികളെടുക്കും. തീര്‍ത്ഥാടക ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്. ഓരോ സീസണിലും ശബരിമല റോഡുകള്‍ക്കായി മാത്രം 250 കോടി രൂപയാണ് അനുവദിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂസ് ടൂറിസം, പ്രമുഖ ഡെസ്റ്റിനേഷനുകളില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയവയും കേരളത്തിന്റെ ഭാവി സാധ്യതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം രംഗത്ത് ഭാവനാത്മകമായ പ്രവർത്തന മാർഗരേഖ നടപ്പാക്കുവാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ടൂറിസം രംഗത്തെ വളർച്ച സംസ്ഥാനത്തിന്റെ ജിഡിപി കുതിപ്പിനും വഴിയൊരുക്കി. ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾക്ക് കുതിപ്പേകാന്‍ വിഷന്‍ 2031 സെമിനാര്‍ ഈ ജില്ലയില്‍ നടക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 9 വർഷത്തെ ടൂറിസം രംഗത്തെ വികസന നേട്ടങ്ങൾ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു. ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ സ്വാഗതം ആശംസിച്ചു.
ദേവികുളം എംഎല്‍എ എ രാജ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരിച്ചന്‍ നീറണാക്കുന്നേല്‍, വൈസ് പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം സി വി വര്‍ഗീസ്, കെടിഐഎല്‍ ചെയര്‍മാന്‍ സജീഷ് എസ് കെ, കേരള ടൂറിസം അഡി. ഡയറക്ടര്‍(ജനറല്‍) ശ്രീധന്യ സുരേഷ്, തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍, കേരള ട്രാവല്‍ മാര്‍ട്ട് ഭാരവാഹികള്‍, ടൂറിസം രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
knbalagopalan







































