തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്നെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. വിഷയത്തിൽ ധാരണാപത്രം ഒപ്പിടുന്നതിന് മുൻപ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് നിർദ്ദേശിച്ചിരുന്നു. പി എം ശ്രീ നടപ്പാക്കിയാൽ ദേശീയ വിദ്യാഭ്യാസ നയം അതേ രീതിയിൽ നടപ്പാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ നയപരമായ തീരുമാനം വേണമെന്നും നിയമ വകപ്പ് അറിയിച്ചിരുന്നു.
ഭരണ വകുപ്പിനെ അറിയിക്കാനായിരുന്നു നിർദ്ദേശം. ഇത് മറികടന്നാണ് ഒപ്പിട്ടത്. 2024 സെപ്റ്റംബർ മാസത്തിലാണ് ഇത് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭായോഗത്തിന് വരുന്നത്. ഈ മന്ത്രിസഭാ യോഗത്തിന് വരുന്നതിനു മുൻപ് തന്നെ നിയമ വകുപ്പിൻ്റെ ഉപദേശം ഇത് സംബന്ധിച്ച് ചോദിച്ചിരുന്നു. അതിലാണ് നിയമവകുപ്പ് ഇത്തരമൊരു ഉപദേശം നൽകിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവന്നത്.
നയപരമായ തീരുമാനം എടുക്കണമെങ്കിൽ ആദ്യം എൽഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനമാകണം. അതിനുശേഷം മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനമെടുക്കണം. അതിനുശേഷം മാത്രമേ ധാരണാപത്രത്തിൽ ഒപ്പിടാവൂ എന്ന് നിയമവകുപ്പ് തന്നെ പറയാതെ പറയുകയാണ്. ഈ ഉപദേശം കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു അന്ന് മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാരുടെ എതിർപ്പും പരിഗണിച്ച് ഒപ്പിടേണ്ടതില്ല എന്നുള്ള തീരുമാനത്തിലെത്തിയത്. എന്നാൽ നിയമോപദേശത്തിലെ നിയമ വകുപ്പിന്റെ ഉപദേശം നിലനിൽക്കുമ്പോൾ തന്നെയാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് ഒരു നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിൽ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാം എന്നുള്ള നിർദ്ദേശമായിരുന്നു നൽകിയിരുന്നത്. എന്നാൽ കോടതിയെ സമീപിച്ചില്ല. നയപരമായ ഒരു തീരുമാനം ഇതിൽ എടുക്കാതെയുമാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോയത്. അതേസമയം പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയത്.
Pmsreeplan







































