കേളകം: കരിയംകാപ്പ് മേഖലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെത്തുടർന്ന് (20.01.2026) രാത്രി 9 മണിയോടെയാണ് ആടിനെ ഇരയായി വെച്ച് കൂട് സ്ഥാപിച്ചത്.
കരിയംകാപ്പ് അഞ്ചാം വാർഡിലെ പള്ളിവാതുക്കൽ അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ 02.01.2026-നും 18.01.2026-നും സി.സി.ടി.വി ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തോട്ടത്തിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി സ്ഥിരീകരിച്ചതോടെ പ്രദേശവാസികളും, കേളകം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വലിയ രീതിയിലുള്ള പ്രതിഷേധം അറിയിക്കുകയും പുലിയെ അടിയന്തരമായി പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതിഷേധത്തെത്തുടർന്ന് കണ്ണൂർ ഡി.എഫ്.ഒ യുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, എൻ.ടി.സി.എ (NTCA) പ്രോട്ടോകോൾ പ്രകാരം 19.01.2026-ന് സാങ്കേതിക സമിതി (Technical Committee) അടിയന്തര യോഗം ചേർന്നിരുന്നു.ഈ സ്ഥലത്തെ സ്ഥിതി ഗതികൾ പ്രകാരം കൂടുവെച്ച് പിടികൂടുക എന്നത് മനുഷ്യ-വന്യജീവി സംഘർഷത്തിന് ഒരു ശാശ്വത പരിഹാരമല്ല എന്ന് സമിതിയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതുണ്ടെന്നതിനാലും, ജനങ്ങളുടെ കടുത്ത ആശങ്കയും ഭീതിയും കണക്കിലെടുത്തും പുലിയെ കൂടുവെച്ച് പിടികൂടാൻ സമിതി തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂട് സ്ഥാപിക്കാൻ ഉത്തരവ് നൽകി. കൂട് സ്ഥാപിച്ചതിനോടൊപ്പം തന്നെ പുലിയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് കൂടുതൽ ക്യാമറ ട്രാപ്പുകളും (Camera Traps) വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പുലി കുടുങ്ങുന്നതുവരെ നിരീക്ഷണം ശക്തമായി തുടരും. മണത്തണ സെക്ഷൻ ഓഫീസർ പ്രമോദ്കുമാർ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് കൂട് സ്ഥാപിച്ചത്. കണ്ണൂർ ആർ.ആർ.ടി (RRT), കൊട്ടിയൂർ റേഞ്ചിലെ ഇരിട്ടി, തോലമ്പ്ര സെക്ഷനുകളിലെ വനപാലകർ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു. പുലിയെ ആകർഷിക്കുന്ന തരത്തിൽ കാടുമൂടിക്കിടക്കുന്ന സ്വകാര്യ പറമ്പുകൾ വെട്ടിത്തെളിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ശാശ്വത പരിഹാരത്തിന് അനിവാര്യമാണെന്നും വനംവകുപ്പ് ഓർമ്മിപ്പിച്ചു
Adakkathod



.jpeg)




.jpeg)
























