നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. കേസിലെ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. പൾസർ സുനിക്ക് പുറമെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ച മറ്റ് പ്രതികൾ.
ശിക്ഷിക്കപ്പെട്ടവരിൽ പൾസർ സുനിയായിരിക്കും ആദ്യം ജയിൽ മോചിതനാവുക. ഏഴര വർഷത്തോളം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞതിനാൽ, ശിക്ഷാ കാലാവധിയിൽ ആ ഇളവ് ലഭിക്കും. അതനുസരിച്ച് ഇനി 13 വർഷം കൂടി ജയിലിൽ കഴിഞ്ഞാൽ പൾസർ സുനിക്ക് പുറത്തിറങ്ങാം. രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കും സമാനമായ ഇളവ് ലഭിക്കും. എന്നാൽ കുറഞ്ഞ കാലം മാത്രം വിചാരണ തടവ് അനുഭവിച്ച മറ്റ് പ്രതികൾക്ക് 16 മുതൽ 18 വർഷം വരെ ഇനിയും ജയിലിൽ കഴിയേണ്ടി വരും. 2039-ഓടെയാകും പ്രധാന പ്രതികളുടെ ശിക്ഷാ കാലാവധി അവസാനിക്കുക.
അതേസമയം, എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാരും അപ്പീൽ നൽകാനൊരുങ്ങുകയാണ്. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ദിലീപിനെ വിട്ടയച്ചത്. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം. പ്രതികളുടെ അപ്പീലും സർക്കാരിന്റെ നീക്കവും കേസിൽ വരുംദിവസങ്ങളിൽ നിർണ്ണായകമാകും.
Highcourt














.jpeg)






















